Skip to main content

അനുസ്യൂതം



കണ്ടക്ടർ വന്നു തട്ടി വിളിക്കുമ്പോഴാണ്  ഉണർന്നത്. കൊടകരയിലേക്ക് എന്നല്ലേ പറഞ്ഞത്. പ്രിയമുള്ളതെന്തോ  ആയിരുന്നു കനവിൽ, ഉറക്കം വിട്ടുണരാൻ ബദ്ധപ്പെട്ടെങ്കിലും , യാത്രയിലാണെന്ന അവബോധവെളിപാട് സ്വപ്നത്തെ മുറിച്ചു. അടുത്ത സ്റ്റൊപ്പ് കൊടകരയാണെന്നു പറഞ്ഞിട്ട് അയാൾ തിരികെ പോയി സീറ്റിൽ ഇരുന്നു. അച്ഛനപ്പോഴും നല്ലുറക്കത്തിലാണ്.ഷട്ടറു പൊക്കി  പുറത്തേക്ക് നോക്കി, ഇരുട്ട് തന്നെ. നേരം പുലരുമ്പോഴേക്കെ  എത്തു എന്നാണ് നിനച്ചത് ,മൊബൈൽ ഓണ്‍ ചെയ്തു 3.05 ആയതേയുള്ളൂ .. മുൻപൊരിക്കലെന്നൊ  ഗുരുവയൂരിൽ  കുളിച്ചു തൊഴാൻ പോകുന്നവഴി കൊടകരയിൽ എത്തിയിരുന്നു , അന്ന് നവീന്റെ വീട്ടില് പോയി നന്നായി ഭക്ഷണം കഴിച്ചു പോയൊരു ഓർമയുണ്ട്. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ പറഞ്ഞത് കൊടകരയിലെത്തണമെങ്കിൽ കുറഞ്ഞത്‌ ഒരു എട്ടു മണിക്കൂറെങ്കിലും വേണ്ടി വരുമെന്ന്.. നിരന്തരമായ പ്ലാനിങ്ങും പദ്ധതിയും ആവിഷ്കരിച്ചാണ് രാത്രി പതിനൊന്നു മണിക്ക് ചെങ്ങന്നൂര് നിന്നും വണ്ടി കയറിയത്. കാരിയറിൽ നിന്നും ബാഗ്‌ എടുക്കുമ്പോഴും ഇറങ്ങുമ്പോഴും ഒക്കെ 4 മണിക്കൂർ  മുൻപേ എത്തിയതിന്റെ ആശ്ചര്യമായിരുന്നു മനസ്സിൽ. രാത്രി ട്രിപ്പുകൾ ഡ്രൈവർമാർക്ക് ഒരുൽസവമാണല്ലോ. ട്രാഫിക് ഇല്ല, ബ്ലോക്ക്‌ ഇല്ല, നിരത്തിലധികം വാഹനങ്ങളുമില്ല, പോരാത്തതിന് എം സി റോഡും (നിലവിൽ കേരളത്തിൽ അല്പമെങ്കിലും നല്ലതെന്ന് പറയാവുന്ന റോഡ്‌ എം സി  റോഡ്‌ എന്നാണ് വപ്പ്‌ )  ഞാനൊരു നിഗമനത്തിനു ശ്രമിക്കുകയായിരുന്നു. അച്ഛന്റെ മുഖത്തും ഉണ്ടായിരുന്നു ഒരു ചിന്താഭാരം .

ഞങ്ങളില്ലാതെ വണ്ടി കടന്നു പോകുമ്പോൾ കൊടകര വിശ്രമിക്കയായിരുന്നു. അല്പസമയത്തിനകം തിരക്കിലേക്ക് ആണ്ടു പോകുന്ന നഗരം എത്ര ശാന്തമായാണ് ഉറങ്ങുന്നത്. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം വീണുകിടക്കുന്ന തെരുവിൽ മൂന്നു നാല് ഓട്ടോക്കാർ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. ഒരു കൂട്ടം സ്വാമിമാർ  ഇരുമുടികെട്ടുമായി ശരണം വിളിച്ചു കടന്നു പോയി. ഇടയ്ക്കിടെ വന്നു പോകുന്ന സൂപ്പർ ഫാസ്റ്റുകളും അതിൽ വന്നിറങ്ങുന്ന യാത്രക്കാരെ കൊണ്ട് പോകുന്ന ഓട്ടോകളും പോയി കഴിഞ്ഞാൽ,  ഞങ്ങളും തെരുവും തമ്മിൽ തമ്മിൽ നോക്കി നില്ക്കാൻ തുടങ്ങും. തൃശൂരിലെക്കുള്ള കുറെ  ഫ്ലൈ ഓവറുകളിൽ ഒന്നിന്റെ അടിയിലാണ് കൊടകര ബസ്‌ സ്റ്റോപ്പ്‌.  അത്യാധുനിക രീതിയിൽ പണികഴിപ്പിച്ച പാലത്തിനെ പറ്റി ആശ്ചര്യം കലർന്ന വിശകലനം നടത്തുകയാണ് അച്ഛൻ. അടുത്ത 6 മണിക്കൂർ എങ്ങനെ ചിലവഴിക്കുമെന്ന വളരെ നിഷ്കളങ്കമായ ആലോചനയിൽ അച്ഛൻ പറയുന്നത് കേട്ട് വെറുതെ അങ്ങനെ നിന്നു. വിശകലനത്തിനോടുവിൽ അച്ഛൻ ചോദിച്ചു. നേരം വെളുക്കാൻ ഇനിയുമുണ്ടല്ലോ 3,4 മണിക്കൂർ, ല്ലേ!.  മറുപടി നിസ്സഹായത മുറ്റിയ ഒരു മൂളലിലൊതുക്കി. ചായപീടിക വല്ലതും ഉണ്ടായിരുന്നെങ്കിൽ ഓരോ കാലിചായ എങ്കിലും കുടിക്കാമായിരുന്നു. നിരാശ കലർന്ന മറ്റൊരു ചോദ്യത്തെ അഭിമുഖീകരിക്കുകയായിരുന്നു ഞാൻ. ശരിയാണ് നാട്ടുമ്പുറമാണെങ്കിലും ഏതു കൂരാപ്പിന്  ജംഗ്ഷനിൽ എത്തിയാലും ഒരു തട്ടുകടയെങ്കിലും ഉണ്ടാകും നാട്ടിലെന്ന്  ചിന്തിച്ചുപോയെങ്കിലും  അതിനു  മറുപടിയൊന്നും പറഞ്ഞില്ല . എന്റെ മറുപടിക്ക് വേണ്ടിയല്ല, നേരത്തെ എത്തിയതിൽ എനിക്കുണ്ടായ ജാള്യത മറയ്ക്കാനും എന്നെ സമാധാനിപ്പിക്കാനും വേണ്ടി മാത്രം ഓരോന്നു  പറഞ്ഞു നെരമ്പോക്കുകയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഓരോ യാത്രയും ഓരോ അനുഭവങ്ങളാണെന്ന്  പറയാറുള്ള അച്ഛൻ ഇതും ആസ്വദിക്കുന്നുണ്ടെന്നു തോന്നി.

കൊടകരയിൽ നിന്നും കനകമലയിലേക്ക്  3 ഫർലൊങ്ങ് ദൂരമേയുള്ളൂ. അവിടെയാണ് നവീന്റെ വീട്. ഓട്ടോ പിടിക്കാതെ നടന്നാൽ 10  മിനുട്ട് അത്രത്തോളമേ ഉണ്ടാകു. അച്ഛൻ ചോദിച്ചതാണ് നമുക്ക് അങ്ങോട്ട്‌ വിട്ടാലോന്നു, കല്യാണത്തിന്റന്നു കാലത്ത് അതും ഈ നേരത്ത് കയറി ചെന്ന് വെറുതെ നമ്മളെ കണി കണ്ടിറങ്ങണ്ടാന്നു ഞാൻ പറഞ്ഞെങ്കിലും പിന്നീട് ചിന്തിച്ചപ്പോൾ അങ്ങനെ പറയേണ്ടിയിരുന്നില്ലാന്നു തോന്നി. എങ്കിൽ പിന്നെ അടുത്ത വഴി നോക്കാമെന്ന് പറഞ്ഞു അച്ഛൻ മുൻപേ നടന്നു, ബാഗും തൂക്കി ഞാൻ പുറകെയും. ഓട്ടോക്കാരുടെ അടുത്തേക്കാണ്‌ അച്ഛന്റെ നടപ്പ്, എങ്ങോട്ടാനിഷ്ട്ടാ ..? എന്നൊരൊറ്റ ചോദ്യത്തിൽ തന്നെ തൃശൂർ സ്ലാങ്ങിനോട് ഒരിഷ്ടം തോന്നിപ്പോയി. അതെ ഇഷ്ടം അച്ഛനും തോന്നിയത് കൊണ്ടാണോ എന്തോ .. അച്ഛന്റെ മറുപടിയ്ക്ക് അല്പം തൃശൂർസ്ലാംഗ് പറ്റിക്കൂടിയതുപോലെ നീട്ടലും കുറുക്കലും  ഒരു ഭവ്യതയുമൊക്കെ... 
അതേയ് ..
ഞങ്ങള് പത്തനംതിട്ടയിൽ നിന്നു വരുവാണേ .. ഫാമിലി ഫ്രണ്ടിന്റെ കല്യാണം . പുലർച്ചെ എത്വൊള്ളൂന്നാ വിചാരിച്ചത്. എന്താ ചെയ്ക, ഇതിപ്പോ നേരത്തെ എത്തിപോയി ..
ഒന്ന് ഫ്രഷ്‌ ആകണം .
അതിനു പറ്റിയ സൗകര്യം വല്ലതുമുണ്ടാകുമോ?
ഓട്ടോ ഗഡി അപ്പൊ തന്നെ മോബൈലെടുത്തു കുത്തി ആരെയോ വിളിച്ചു. അയാളുടെ സഹകരണ മനോഭാവം വല്ലാണ്ടങ്ങ് ബോധിച്ചു.
റൂമുണ്ടിട്ടാ  ... പക്ഷേ ... (ഇനി പറയാൻ പോകുന്നതിൽ അയാൾക്കും എന്തോ അതൃപ്തി ഉള്ളതുപോലെ തോന്നി.) 
ഫ്രഷ്‌ ആകാൻ വേണ്ടി മാത്രാണെങ്കിലും ഒരീസത്തെ വാടക 400 ഉറുപിക  ആകും.  അത് നിങ്ങൾക്ക് പറ്റൂലാട്ടാ  .. 
റൂമെടുത്തു കിട്ടുകയാണെങ്കിൽ 8 മണി വരെ കിടന്നു സാവകാശം കുളിയും തേവാരവും കഴിച്ചു പോയാൽ  മതിയാകുമല്ലോ എന്നൊരാലോചന എന്നിലൂടെ ഒന്നോടിയെങ്കിലും 400 ഉറുപികയുടെ  കനം അച്ഛന്റെ മുഖത്തു നിഴലിച്ചു കിടക്കുന്നത് കണ്ടപ്പോൾ അതും വിഴുങ്ങി.

അത്യാസന്നഘട്ടത്തിന്റെ പിരിമുറുക്കം ഒഴിവാക്കാനെങ്കിലും മറ്റു പോംവഴി കണ്ടെത്തിയേ തീരു. പ്രൈവറ്റ് ബസ് സ്റ്റാന്റു  നോക്കി നടന്നു, അവിടെയുള്ള  പബ്ലിക്‌ ടോയിലറ്റും നേരം പുലരാതെ തുറക്കുകയില്ല എന്ന സത്യം നിർവികാരതയോടെ ഏറ്റുവാങ്ങി.  സിറ്റി സിനിമാസിന്റെ മുൻപിൽ പോയി വെറുതെ കുറെ നേരം നോക്കി നിന്നു. നഗരം മുഴുവൻ ഉറങ്ങി കിടക്കുമ്പോൾ ഒരു വെളുപ്പാൻ കാലത്തും സ്വപ്നം കണ്ടുറങ്ങാൻ വിധിച്ചിട്ടില്ലാത്ത , മഞ്ഞായാലും മഴയായാലും ഞായറാഴ്ച ആയാലും ഹർത്താലായാലും  നേരം പുലരും മുൻപേ ഉണർന്നു വീടുകൾ തോറും വാർത്ത എത്തിക്കുന്നവർ , എന്നത്തെയും പോലെ ഇന്നും എത്തിയിട്ടുണ്ട്. പത്രകെട്ട് പൊട്ടിച്ചു അടുക്കുന്നതും  വീടുകളിൽ ഇടാൻ പാകത്തിന് വെവ്വേറെ മാറ്റി വയ്ക്കുന്നതും എങ്ങനെ ആണെന്ന് ഏറെ കൗതുകത്തൊടെ വീക്ഷിച്ചു. അവരുടെ കയ്യിൽ  നിന്നും ഒരു മനോരമയും , മാതൃഭൂമിയും വാങ്ങി തിരികെ ജംഗ്ഷനിലേക്കു പോന്നു. മുൻപ് കണ്ട മുഖങ്ങളല്ല ഓട്ടോക്കാർക്ക്, പഴയ ഓട്ടോക്കാരെല്ലാം ഓട്ടം പോയിരുന്നു. കുറെ നേരം കൂടി ഫ്ലൈ ഓവറു നോക്കി വിശകലനം നടത്തി. കുറഞ്ഞ റേറ്റിനു റൂം കിട്ടുമോന്നു നടന്നന്വേഷിച്ചു. കൊടകര റെസിടൻസി , മധുര ലോഡ്ജ് അങ്ങനെ കുറെ കണ്ടെങ്കിലും എവിടെയും ആളില്ലായിരുന്നു. നടന്നു ക്ഷീണിച്ചു ഒടുവിൽ  കാത്തിരിപ്പ്‌ കേന്ദ്രത്തിൽ വന്നിരുപ്പായി. ബൈക്കിൽ വന്ന രണ്ടെമാന്മാർ നോക്കി കടന്നു പോയി.

രാത്രിയിൽ  ഇവിടെ എത്തുന്നവരൊക്കെ റൂം കിട്ടാതെ പെട്ട് പോകുമല്ലോ എന്ന് അച്ഛൻ സങ്കടം പറഞ്ഞു.
രാത്രിയിൽ ഇവിടെ എത്തുന്നവർക്കൊക്കെ ഇവിടെ വീടുകാണുമെന്ന് പറയണമെന്നുണ്ടായിരുന്നു , പക്ഷെ - പറഞ്ഞില്ല
ശരിയാണെന്ന് മാത്രം പറഞ്ഞു.
അച്ഛന്റെ ആസ്വാദനം ഒക്കെ കുറഞ്ഞു തുടങ്ങി . അക്ഷമയോടെ തെരുവ് വിളക്കിന്റെ വെളിച്ചത്തിലേക്ക് കൈ നീട്ടി  വാച്ചിൽ നോക്കുന്നത് കണ്ടു .. ഇപ്പോഴും നാലേകാല് കഴിഞ്ഞിട്ടെയുള്ളു! എന്ന നിരാശ കലർന്ന  ഒരാത്മഗതത്തോടെ സുദീർഘമായനിശ്വാസത്തിൽ അമർന്നു ഇരുപ്പു തുടർന്നു.

അച്ഛന്റെ കാര്യമോർത്തപ്പോൾ തനിയെ വന്നാൽ മതിയായിരുന്നു എന്ന് ചിന്തിച്ചു.  വിരസമായി നീണ്ടു പോയേക്കാവുന്ന രാത്രി യാത്ര,ഉറക്കമില്ലായ്മ ,  ഇതൊക്കെ അച്ഛന് പറ്റില്ല!  തനിച്ചു പൊയ്ക്കൊള്ളം എന്നൊക്കെ പുറപ്പെടും മുൻപ് പറഞ്ഞതുമാണ്.

എനിക്ക് എറണാകുളത്തു ജോലി ആയിരുന്നപ്പോൾ സഹപ്രവർത്തകനായിരുന്നു നവീൻ. അന്നൊക്കെ രണ്ടു മൂന്നു വട്ടം നവീൻ വീട്ടിൽ വന്നിട്ടുണ്ട് . ഒരിക്കൽ കെട്ടുമുറുക്കി അച്ഛനും ഞാനും ഏട്ടനും നവീനും കൂടി മലയ്ക്കു പോയി തൊഴുത ഒരാത്മബന്ധം കൂടിയുണ്ട്, മാത്രമല്ല നവീൻ അമ്മയെ നേരിട്ട് വിളിച്ചു പറഞ്ഞതാണ് എല്ലാരും വരണമെന്ന്. അതുകൊണ്ട് കൂടിയാണ് നിങ്ങളും കൂടി പോ മനുഷ്യാ എന്ന് അമ്മ നിർബന്ധം പിടിച്ചത്.
 ഇതിനൊക്കെ മേലെ ഞാൻ തനിച്ചു പോകുന്നതായിരുന്നു അവരുടെ പ്രശ്നം.

ഇനിയും അച്ഛനെ നടത്തി വിഷമിപ്പിച്ചു കൂടാ, അച്ഛന്റെ കയ്യിൽ  ബാഗു കൊടുത്ത് ഞാനൊന്നു പോയി നോക്കിയിട്ട് വരാമെന്ന് പറഞ്ഞ് തെരുവ് വെളിച്ചത്തിലേയ്ക്കു ഇറങ്ങി നടന്നു. ടൗണിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴൊക്കെ ഒരു പള്ളി കണ്ടിരുന്നു. വളരെ പൊക്കം കൂടിയ മിനാരമുള്ള ,വിസ്താരമേറിയ മുറ്റമുള്ള  വലിയ പള്ളി. ചിലതൊക്കെ മനസ്സില് ഉറപ്പിച്ചു മുന്നോട്ടു നടന്നു. കവാടത്തിനടുത്തു ചെന്ന് നിന്നു. St. Joseph's Forane Church. വലിയ പ്രതീക്ഷയുടെ കൊട്ടാരം പോലെ മുന്നില് നിൽക്കുന്നു .ഗേറ്റ് കടന്ന്  അകത്തുകയറി, സെക്യൂരിറ്റി റൂം ശൂന്യമാണ്. ഗാർഡിനെ നോക്കി എന്റെ കണ്ണുകൾ പള്ളിമുറ്റംവഴി ചുറ്റി തിരിഞ്ഞു കൊണ്ടിരുന്നു. എവിടെയും കണ്ടില്ല . അന്യമതസ്ഥൻ, കൂടാതെ അന്യനാട്ടുകാരൻ, അപരിചിതൻ എന്ന ആത്യന്തീകമായ ചിന്ത ഇല്ലാതില്ല  , അസഹിഷ്ണുത, മതതീവ്രവാദം ഇതൊക്കെ ആണല്ലോ ഇപ്പോഴത്തെ ഒരിത്. കടുത്ത ശങ്കയോടുകൂടെ തന്നെ മുന്നോട്ടു നടന്നു. നേരെ പോയി ടോയിലെറ്റ് കണ്ടു പിടിച്ചു .വിചാരിച്ചതിനെക്കാൾ വൃത്തിയും വെടിപ്പും. ഗാർഡിനെ കണ്ടു പിടിച്ചു അനുവാദം വാങ്ങിയിട്ട് അച്ഛനെ കൂട്ടി വരാം എന്നുചിന്തിച്ചു തിരിഞ്ഞു നടക്കുമ്പോൾ നിർവികാരനായി അയാളതാ മുന്നില് നില്ക്കുന്നു.
ഭവ്യതയോടെ ഞാനൊന്നു ചിരിച്ചു ..
അതിലും ഭവ്യതയോടെ അയാളും.( ആ ചിരിയിൽ അയാളെ വായിക്കാൻ പറ്റി , പ്രശ്നക്കരനല്ല ) ഞാൻ കാര്യം അവതരിപ്പിച്ചു .
ആറന്മുളയിൽ  നിന്ന് വന്നതാണ്. സുഹൃത്തിന്റെ കല്യാണം കൂടാനെത്തിയതാണ്, 9 മണിക്കാണ് കല്യാണം അതുവരെ എവിടെ എങ്കിലും ഇരുന്നു നേരം കഴിക്കാം.പക്ഷെ ഒന്ന് ഫ്രഷ്‌ ആകണമെന്ന് കരുതി റൂം അന്വേഷിച്ചപ്പോൾ ഒരീസത്തെ വാടക 400 രൂപയൊക്കെ ചോദിക്കുന്നു..
വിരോധമില്ലെങ്കിൽ  ഇവിടെ ഫ്രഷ്‌ ആകാൻ അനുവദിക്കുമോ?

അതിനെന്താ .. ഇവിടെ നല്ല സൗകര്യം ഉണ്ടല്ലോ ആയിക്കോളൂ ..കൂടുതൽ ചോദ്യങ്ങളൊന്നുമില്ലതെയുള്ള സമ്മതം ,അയാളുടെ ആത്മാർഥമായ സമീപനം വല്ലാത്തൊരു സ്നേഹം അയാളിൽ നിന്ന് പ്രവഹിക്കുന്നതായി തോന്നി . അവിടെയാണ് എന്ന് പറഞ്ഞു തെക്ക് ഭാഗത്തേക്ക്‌ കൈചൂണ്ടി. അതൊക്കെ നേരത്തെ തന്നെ കണ്ടെത്തിയെന്ന എന്റെ കള്ളച്ചിരി കൃതജ്ഞതയിൽ മറച്ചു.
കൂടെ എന്റെ അച്ഛനും ഉണ്ട് പുറത്തു വെയിറ്റ് ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ അദേഹത്തെ കൂടെ വിളിച്ച് വേഗം  കാര്യങ്ങൾ നടത്തിക്കോളാൻ  പറഞ്ഞു. അഞ്ചര ആകുമ്പോഴേക്കും ആദ്യ കുർബാന കൂടാൻ ആളുകൾ വന്നു തുടങ്ങും എന്നു  പറഞ്ഞിട്ടയാൾ പള്ളിയുടെ പുറകിലേക്ക് പോയി.. 

 ബ്രെഷ് ചെയ്തു , ഒന്നും രണ്ടും സാധിച്ചു ,അതുവരെയുള്ള ക്ഷീണം അച്ഛൻ വിസ്തരിച്ചങ്ങു കുളിച്ചുതീർത്തു. ഞാൻ പക്ഷെ കുളിക്കാൻ മെനക്കെട്ടില്ല.. കുളിയും തേവാരവും കഴിച്ചു ഡ്രസ്സ്‌ മാറിയപ്പോൾ അച്ഛന്റെ ഈർഛയൊക്കെ പോയൊന്നുഷാറായി. മുഖത്ത് അതറിയാനുമുണ്ട് . അതുകൊണ്ടാണല്ലോ അച്ഛൻ കണ്ടിട്ടില്ലാത്ത ആ സെക്യുരിറ്റി ഗാർഡിന് 100 രൂപ കൊടുക്കാൻ പറഞ്ഞതും.

സമയം 5. 10 ആയിട്ടുണ്ടാകും. ഗേറ്റ് കടന്നു ഒരാൾ വരുന്നുണ്ട്. കാഴ്ച്ചയിൽ മദ്ധ്യവയസ്കനാണ്. വെടിപ്പായിട്ടു വസ്ത്രം ധരിച്ചിട്ടുണ്ട്. വെള്ളമുണ്ടും വെള്ളയോടടുത്തു നില്ക്കുന്ന ഷർട്ടും ഇടത്തെ തോളിൽ തൂങ്ങുന്ന കറുത്ത ബാഗും വലതുകയ്യിൽ ഒരു കൂട് മെഴുകുതിരിയും. ഒറ്റ നോട്ടത്തിൽ കപ്യരോ മറ്റോ ആണെന്ന് തോന്നും. അത്ര ഗൗരവത്തിലാണ് അയാളുടെ നടപ്പും മട്ടും ഭാവവും . പള്ളിയുടെ  മുറ്റത്ത്‌ വലതുവശം ചേർന്ന് രണ്ടു സെന്റ്‌ ഭൂമിയിൽ ( അത്രത്തോളമേ കാണു)  സെമിത്തേരിയുണ്ട്. ഒന്നിന് മുകളിൽ ഒന്നായി അടുക്കി അടുക്കി മുകളിലേക്ക് വലിപ്പ് മാതൃകയിൽ നിർമിച്ചിരിക്കുന്ന സെമിത്തേരി. ധൃതികൂട്ടി  അയാൾ നടക്കുന്നത് സെമിത്തേരിയിലേക്കാണ്. ഗാർഡിനെ തിരഞ്ഞു ഞാൻ നോക്കുമ്പോൾ, അച്ഛൻ അയാളുടെ അടുത്തേക്ക് പോകുന്നത് കണ്ടു. അയാളോട് എന്തോ  ചോദിക്കുന്നതും അയാളതിനു അർത്ഥ ഗർഭമായി, അല്പം പുച്ഛഭാവത്തോടെ അല്ലെങ്കിൽ  അത്യധികം താൽപര്യമില്ലാതെ മറുപടി നല്കുന്നതും കണ്ടു. അതെ ഗൗരവത്തിൽ  തന്നെ അകത്തേക്ക് പോവുകയും ചെയ്തു. അയാളുടെ നിസ്സഹകരണഭാവം  അച്ഛനിൽ ഉണ്ടാക്കിയ ഇളിഭ്യത മറയ്ക്കാൻ പാടുപെടുന്നതുകണ്ട് ഞാൻ ചോദിച്ചു .

അച്ഛനെന്താ അയാളോട് പോയി ചോദിച്ചത്?
"കാണിക്ക വഞ്ചി " എവിടെയാണെന്ന് ചോദിക്കയായിരുന്നു.!

അച്ഛാ .. "കാണിക്ക വഞ്ചി " യൊക്കെ അമ്പലത്തിലല്ലേ.. പള്ളിയില് അതിനു "നേർച്ചപ്പെട്ടി " യെന്നാ പറയുക.
സെമിത്തേരിയുടെ ഭാഗത്തേക്ക് നോക്കി അച്ഛനൊരു കള്ളചിരി ചിരിച്ചു.

എന്നിട്ടയാള് എന്തു പറഞ്ഞു?
ഇത് സെമിത്തെരിയാണ്‌ , ഇവിടെ കാണിക്ക വഞ്ചി ഇല്ലാന്നും പറഞ്ഞു..
അപ്പൊ അതാണ് കാര്യം,  ചോദ്യത്തിലുണ്ടായ  അഭംഗിയാണ് പുച്ഛതിനു കാരണം. അറിയാതെ ഞാനും ചിരിച്ചുപോയി. സെക്യുരിറ്റിയാണെന്ന് കരുതിയാണ് അച്ഛൻ അയാളെ സമീപിച്ചത്.
അതല്ല സെക്യുരിറ്റിയെന്നു പറയുമ്പോൾ പള്ളിയുടെ പുറകുവശത്ത് നിന്നും സെക്യുരിറ്റി നടന്നു വരുന്നത് കണ്ടു.

ദാ.. ആ വരുന്നതാണ് ആൾ ..!
അകലെ നിന്ന് ഞങ്ങളെ കണ്ടതും കാര്യങ്ങളൊക്കെ ഉഷാറായില്ലേന്നു ചോദിച്ചു അടുത്തേക്കുവന്നച്ഛന്റെ കയ്യിൽ പിടിച്ചു.
നിങ്ങൾ വളരെ വലിയൊരു കാര്യമാണ് ചെയ്തതെന്ന് പറഞ്ഞ് അയാളുടെ വലത് കൈ അച്ഛന്റെ രണ്ടു കരങ്ങൾക്കുള്ളിലാക്കി ചേർത്ത് പിടിച്ചു. 
ഒരു പക്ഷെ ഇന്ന് നിങ്ങളെ കണ്ടില്ലായിരുന്നെങ്കിൽ ഞങ്ങൾ ചുറ്റിപ്പോയേനെ. വെറുമൊരു നന്ദി പറച്ചിലല്ലായിരുന്നു. അങ്ങനെ തോന്നാതിരിക്കാനല്ല 100 രൂപ അയാളുടെ കയ്യിൽ ചുരുട്ടി വച്ചത്, ആത്മാർത്ഥമായും അച്ഛനത് മുൻപേ തന്നെ എന്നോട് പറഞ്ഞിരുന്നതാണ്.
പക്ഷെ - അയാളിലെ  മനുഷ്യൻ അത് വാങ്ങിയില്ല..
പകരം മുകളിലേക്ക് കൈകൾ ഉയർത്തി "അയ്യോ ! അത് വേണ്ട ... ഈ പണം വാങ്ങിയാൽ പിന്നെ അതിലൊരർത്ഥവുമില്ല. എല്ലാം അവുടുന്നു തരുന്നതാണ്. അവൻ പൊറുക്കുകയില്ല " ഇങ്ങനെ സമ്പാദിക്കാനാനെങ്കിൽ ലക്ഷങ്ങൾ ഉണ്ടാക്കാമായിരുന്നു. 
നിർബന്ധിച്ചത് കൊണ്ട് കാര്യമില്ലെന്നറിയാമെങ്കിലും ശ്രമിച്ചു. ആ മനുഷ്യൻ തീർത്തും അപരിചിതരായ ഞങ്ങളോട്  കാണിച്ച മമതയ്ക്ക് വിലയിടുന്നത് ശരിയല്ലെന്നറിയാം. വാങ്ങിയേതീരു എന്ന ഞങ്ങളുടെ ശാഠ്യം അയാളെ ശരിക്കും അസ്വസ്ഥനാക്കുകയാണ് ചെയ്തത്. 
വേണ്ടാ.. ഇവിടെ വന്നിട്ട് 15 കൊല്ലം കഴിഞ്ഞു. ഇന്നോളം നേർവഴി വിട്ടു സഞ്ചരിച്ചിട്ടില്ല .. 
തീർച്ചയായും വ്യക്തിപരമായി എന്തൊക്കെയോ  മേന്മ അയാള്‍ക്ക് അവകാശപ്പെടാന്‍ ഉണ്ട്. ആത്മാർത്ഥമായ (അമിതമായതല്ല)  വിശ്വാസി ആയിരിക്കുക എന്നതു കൊണ്ടുള്ള ഏറ്റവും വലിയ ഗുണമായിരിക്കാം ഒരു മനുഷ്യൻ രൂപപ്പെടുന്നു എന്നത്. ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കുന്നതിനുള്ള തത്രപ്പാടിനിടയിൽ കടന്നുപോയ പ്രായത്തിന്റെ തത്വജ്ഞാനമാകാം. 
എന്താ ചേട്ടന്റെ പേര്. ഞങ്ങൾ കൂടുതൽ പരിചയപ്പെടുകയായിരുന്നു.
ജോർജ്ജ് " കോട്ടയത്ത്, പാലയിലായിരുന്നു കുടുംബം. 
മറുചോദ്യം വരുന്നതിനു മുൻപേ അച്ഛൻ സ്വയം പരിചപ്പെടുത്തി. 
"യശോധരൻ" 
എന്റെ നേരെ നൊട്ടമെത്തും മുൻപേ തന്നെ ഞാനും  പറഞ്ഞു.
"യോതിഷ് "
അതിരാവിലെ സെമിത്തേരിയിലേക്ക് കടന്നു പോയ ആളെപ്പറ്റി ചോദിക്കാതിരിക്കാൻ ആയില്ല. പള്ളി മുറ്റത്തു കണ്ടൊരാളുടെ സംശയത്തെ പാടേ അവഗണിച്ചയാൾ കപ്യാരാവില്ലെന്നു കരുതാം , എങ്കിൽപിന്നെ  അതാരാകും എന്ന ചിന്ത ഒരു ചോദ്യരൂപേണ പുറത്തേക്ക് വീണു.
"മും.. വന്നുവല്ലേ... !!"  
ആരാണ് വന്നതെന്ന് കാണാതെ പോലും മൂളലിനൊപ്പം ഒരു ദീർഘ നിശ്വാസത്തോടെ ആണയാൾ പറഞ്ഞത്..
എനിക്കുണ്ടായ അതേ ഉത്കണ്ഠ അച്ഛനും ഉണ്ടായതിനലാകും ഞാൻ പറയാൻ  വന്നത് തന്നെ അച്ഛൻ പറഞ്ഞത്.
"അതെ - ഇപ്പൊ അങ്ങോട്ട്‌ കയറിപ്പോയിട്ടെയുള്ളു. ആരാത് ?"
ഞങ്ങളടെ അമ്പരപ്പ് കണ്ടു അയാൾ കാര്യങ്ങൾ വേഗം തന്നെ പറഞ്ഞു .
അയാളുടെ മകൻ മരിച്ചു പോയി.. മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാൻ വരുന്നതാണ്.. 23 വയസ്സായിരുന്നു. അപ്പുറത്തെ കവലയിൽ വച്ചൊരു ആക്സിടന്ട്. 
"13 കിലോമീറ്ററുകൾക്കപ്പുറമാണ് വീട്, അവിടെ നിന്നും സൈക്കിൾ ചവുട്ടിയാണിവിടെ വരുന്നത് .."
വന്നയാളെ കാണാതെ എങ്ങനെ അയളാണെന്നുറപ്പിച്ചു പറയാനാകും.എന്ന ദുഃഖകരമായ  ഉദ്വേഗമപ്പോഴും എന്നിലുണ്ടായിരുന്നു .
"എന്നും രാവിലെ ഏതാണ്ടീ സമയമാകുമ്പോഴേക്കും എത്തും. രാവിലെ വരാൻ കഴിഞ്ഞില്ലെങ്കിൽ വൈകിട്ട് വരും "
ആദ്യത്തെ സംശയം മാറിയെങ്കിലും ഒന്നുബാക്കിയുണ്ടായിരുന്നു ഞാനത് ചോദിക്കുകയും ചെയ്തു.
"കഴിഞ്ഞ ആഴ്ചയോ മറ്റോ ആണോ മരിച്ചത്..."
അല്ല !!...
"ഒൻപത് വർഷങ്ങൾക്ക് മുൻപ് "
പെട്ടെന്നൊരു നിമിഷം, തുടർന്ന് സംസാരിക്കാനാകാതെ ശ്വാസം തിങ്ങിപോയി . 
ഒൻപത് വർഷമോ എന്ന് ചോദിക്കുമ്പോൾ അച്ഛന്റെ ശബ്ദം ഇടറിയിരുന്നു. എന്റെ കണ്ണുകൾ അറിയാതെ നനഞ്ഞു. അച്ഛന്റെ കണ്ണുകളിലുമുണ്ടായിരുന്നു ആർദ്രമായൊരു  തുള്ളി.. 

നേർച്ചപ്പെട്ടിയിൽ പണം നിക്ഷേപിച്ചു പുറത്തു കടക്കുമ്പോൾ,  അല്പം മുൻപ് കണ്ട  അയാളുടെ പുച്ഛവും, നിസ്സഹകരണഭാവവും ഉള്ളിൽ  നീറുന്ന മനോവേദനയുടെ വിഹ്വലതകളായിരുന്നെന്ന് വേദനയോടെ തിരിച്ചറിയുന്നു. ഒൻപതു വരഷങ്ങൾക്ക് മുൻപ് മരിച്ച മകനെ തേടി അനുസ്യൂതം തുടരുന്ന യാത്രയിൽ ഒരച്ഛന്റെ  പെയ്തുതീരാത്ത കണ്ണീരുണ്ട്, ആധിയുണ്ട്, വാത്സല്യമുണ്ട്, ആരോടും പരാതി പറയാനില്ലാത്ത മുറിപ്പെടുന്ന തേങ്ങലുകളുണ്ട്.

എനിക്കുറപ്പുണ്ട് ഇനിയൊരു 20 വർഷം  കഴിഞ്ഞ് ഞാനീക്കഥ ആരോടെങ്കിലും പറയുകയാണെങ്കിൽ,  അന്നും  രാവിലെ അയാൾ ആ പള്ളിയിൽ എത്തിയിട്ടുണ്ടാകും. ഒരു കൂടുമെഴുകുതിരിക്കൊപ്പം സ്നേഹം കൊണ്ട് നനച്ചു കുതിർത്തൊരു കണ്ണുനീരെങ്കിലും ആ മകന്റെ ശവക്കല്ലറയിൽ വീണു പൊള്ളിയിട്ടുണ്ടാകും... തീർച്ച.. 

എവിടെയായാലും ഞാനൊറ്റയ്ക്കല്ലെന്ന കരുതാലാണ് ഇന്നെന്നോടൊപ്പം ഈ പള്ളി മുറ്റത്ത്‌ നിൽക്കുന്നത്. എത്ര മുള്ളുകൾ കൊണ്ടു കുത്തിയാലും ആ കരങ്ങൾ കൊണ്ട് എന്നെ താലോലിക്കുന്നത് ഇപ്പോൾ എനിക്ക് മനസ്സിലാക്കാൻ കഴിയും.

യോതിഷ് ആറന്മുള 
  

Comments